ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കുമെതിരേ തീവ്ര വലതുപക്ഷവാദ സംഘടനയായ കർണി സേനയുടെ വധഭീഷണി. കർണി സേനയുടെ പ്രവർത്തകനെന്ന് അവകാശപ്പെട്ട് രാജ് സിംഗ് എന്നു സ്വയം പരിചയപ്പെടുത്തിയയാളാണു വീഡിയോ പ്രസ്താവനയിലൂടെ രാഹുലിനെ വീട്ടിൽക്കയറി വെടിവയ്ക്കുമെന്നതടക്കമുള്ള ഭീഷണി മുഴക്കിയത്.
അതേസമയം, വധഭീഷണി വീഡിയോ അപ്ലോഡ് ചെയ്തയാളെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് കസ്റ്റഡിയിലെടുത്തതായി രാജസ്ഥാൻ പോലീസ് അറിയിച്ചു. വീഡിയോയിൽ കാണുന്നയാളുമായി ബന്ധമില്ലെന്നാണ് കോട്ടയിലെ ബിജെപി ഘടകവും കർണി സേനയുടെ മുതിർന്ന നേതാവും അവകാശപ്പെട്ടത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കർണിസേനാ പ്രവർത്തകന്റെ വീഡിയോയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ 25 കോണ്ഗ്രസ് എംപിമാർ അധിക്ഷേപിച്ചതിൽ എല്ലാ ബിജെപി, കർണി സേനാ പ്രവർത്തകരും ആഴത്തിൽ രോഷാകുലരാണെന്ന് പറയുന്നു.
“രാഹുൽ ഗാന്ധിയുടെ നിർദേശത്തെത്തുടർന്നാണ് ഈ സംഭവമുണ്ടായതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാഹുൽ, ശ്രദ്ധിച്ചു കേട്ടുകൊള്ളൂ: ഇത്തരമൊരു സംഭവം ഇനിയുമുണ്ടായാൽ, ഞങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് കടന്നുകയറി നിങ്ങളെ വെടിവയ്ക്കും’’-വീഡിയോയിലെ സന്ദേശത്തിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ എംപിമാരെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ അവരെയും കൊല്ലുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേരയും ബിജെപിക്കെതിരേയും അവരുടെ പ്രത്യയശാസ്ത്രത്തിനെതിരേയും രംഗത്തെത്തി.
അതേസമയം, വീഡിയോയിൽ പോലീസ് സ്വയം നടപടിയെടുത്തിട്ടുണ്ടെന്നും ഭീഷണി മുഴക്കിയയാളെ ബോർഖേഡ പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു വരികയാണെന്നും കോട്ട എസ്പി അറിയിച്ചു.